കോഴിക്കോട്: അത്തോളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പാറക്കണ്ടി സുരേഷിന്റെ വീട്ടിലെ സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. ആർക്കും പരിക്കില്ല. പൊട്ടിത്തെറിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. കൊയിലാണ്ടി ഫയർ ഫോഴ്സ് സ്ഥലത്തെത്തി.
മറ്റൊരു സംഭവത്തിൽ.....
ഒന്നരമാസം മുൻപാണ് എൽസിയുടെ ഭർത്താവ് രോഗം ഗുരുതരമായി മരിച്ചത്, ഇടവേളയ്ക്കു ശേഷം കുഞ്ഞുമക്കളെ ഒന്ന് പുറത്തുകൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പൊടുന്നനെ കാർ കത്തി അവശേഷിച്ച സ്വപ്നങ്ങളെല്ലാം ചാരമായത്. ഏറെ നാളുകൾക്കു ശേഷം എല്ലാവരും ഒരുമിച്ചു പുറത്തുപോകുന്ന സന്തോഷത്തിൽ കാറിൽ കയറിയതായിരുന്നു എൽസിയുടെ കുഞ്ഞുമക്കൾ.
കാർ ഓടിക്കുന്ന അമ്മയ്ക്കൊപ്പം മുൻ സീറ്റിൽ ചേച്ചിയിരുന്നപ്പോൾ മുത്തശ്ശിക്കൊപ്പം പുറകിലിരിക്കാനാണ് ആൽഫ്രെഡും എമിൽ മേരിയും കാറിന്റെ പിൻസീറ്റിൽ കയറിയത്. എല്ലാവരും പുറത്തിറങ്ങി കാറിൽ കയറിയപ്പോൾ മുത്തശ്ശി ഡെയ്സി വീടിന്റെ വാതിൽ പൂട്ടാൻ നിന്നു. ഇതിനിടയിലാണു കാറിൽ കയറിയ എൽസി വാഹനം സ്റ്റാർട്ട് ചെയ്യുന്നതും അപകടമുണ്ടാകുന്നതും. ഇന്ന് മക്കൾ പോയതറിയാതെ എൽസി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മൂന്നു മാസം മുൻപുണ്ടായ അപകടത്തിൽ എൽസിയുടെ കയ്യൊടിഞ്ഞു. അതു ഭേദമായി വന്നപ്പോഴാണ് അസുഖം മൂർച്ഛിച്ച് ഭർത്താവ് മാർട്ടിൻ വിടപറഞ്ഞത്. അതുകഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം എൽസിക്ക് അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. എല്ലാം കഴിഞ്ഞ് ജോലിക്കു പോയിത്തുടങ്ങിയതിന്റെ രണ്ടാംനാളാണ് നാടിനെയാകെ നടുക്കിയ ദുരന്തം എൽസിയുടെ കുടുംബത്തിലുണ്ടായത്.
ശരീരം കത്തിയെരിഞ്ഞു നീറിയപ്പോഴും തന്റെ മക്കളെ രക്ഷിക്കാനായിരുന്നു എൽസിയുടെ ശ്രമം. എന്നാൽ ചികിത്സയും പ്രാർഥനയും ഫലംകാണാതെ രണ്ടു കുഞ്ഞുങ്ങളെയും വിധി തട്ടിയെടുത്തു. കത്തിയെരിയുന്ന അഗ്നിയെ മറികടന്ന് കാറിനുള്ളിലെ തന്റെ പിഞ്ചോമനകളെ എടുത്തു സമീപത്തെ പുൽതകിടിയിലേക്കിടുന്നതിനിടെ എൽസിയുടെ ശരീരമാകെ തീ പടർന്നുകയറിയിരുന്നു.
നാട്ടുകാരെത്തുമ്പോൾ ആദ്യം കാണുന്നത്ശരീരമാസകലം പൊള്ളലേറ്റ നിലയിൽ എൽസി കത്തുന്ന കാറിനടുത്തേക്ക് ഓടാൻ ശ്രമിക്കുന്നതാണ്. എൽസിയൂടെ ശരീരത്തിലെ തീയണച്ച നാട്ടുകാർ പിന്നീടാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കുട്ടികളെ കണ്ടത്. ചിറ്റൂർ അത്തിക്കോട് പൂളക്കാട് എൽസിയുടെ മക്കളായ ആൽഫ്രഡ് മാർട്ടിൻ (6), എമിൽ മരിയ മാർട്ടിൻ (4) എന്നിവരാണു കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയുണ്ടായ അപകടത്തിൽ 60% പൊള്ളലേറ്റ എമിൽ ഇന്നലെ ഉച്ചയ്ക്ക് 2.25നും 75% പൊള്ളലേറ്റ ആൽഫ്രഡ് 3.15നുമാണു മരിച്ചത്. ഇവരുടെ അമ്മ എൽസിയും 35% പൊള്ളലേറ്റ മൂത്തമകൾ അലീനയും കൊച്ചിയിൽ ആശുപത്രിയിലാണ്. അലീനയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മുത്തശ്ശി ഡെയ്സിയും അപകടനില തരണം ചെയ്‌തുവെന്നാണു വിവരം.