തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘകാലം എം പി, എംഎൽഎ എന്നീ പദവികളിൽ പ്രവർത്തിച്ചിരുന്നു, കെപിസിസി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ സൗമ്യമുഖങ്ങളിൽ ഒരാളായി അറിയപ്പെട്ടയാളാണ് തെന്നല ബാലകൃഷ്ണപിള്ള. രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
രണ്ടുതവണ കെപിസിസി അധ്യക്ഷനായി പ്രവർത്തിച്ച തെന്നല ബാലകൃഷ്ണപിള്ള, രണ്ടുതവണ അടൂർ നിയോജകമണ്ഡലത്തിൽനിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുതവണ കേരളത്തിൽനിന്നുള്ള രാജ്യസഭാംഗവും ആയിട്ടുണ്ട്.
കൊല്ലം ശൂരനാട് പരേതരായ എൻ. ഗോപാലപിള്ളയുടെയും എൻ. ഈശ്വരി അമ്മയുടെയും മകനായി 1930 മാർച്ച് 11-നായിരുന്നു ജനനം. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എം.ജി. കോളേജിൽനിന്ന് ബിരുദംനേടി.
പുളിക്കുളം വാർഡ് കമ്മിറ്റി പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായി പ്രവർത്തിച്ച തെന്നല അഞ്ചരവർഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനായി. 1962 മുതൽ കെ.പി.സി.സി അംഗമായിരുന്നു.
1977-ലും 1982-ലും അടൂരിൽനിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭതിരഞ്ഞെടുപ്പിൽ അടൂരിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയർന്നുവന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സംസ്ഥാന സഹകരണ ബാങ്കിന്റെയും പ്രസിഡന്റായും പ്രവർത്തിച്ചു. 1998-ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി പ്രസിഡന്റാകുന്നത്. 2001 വരെ അധ്യക്ഷപദവിയിൽ തുടർന്നു. 2001-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ യുഡിഎഫ് വൻ വിജയം നേടി. 2004-ൽ കെ. മുരളീധരൻ എ.കെ. ആന്റണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായതിനെ തുടർന്ന് താത്കാലിക പ്രസിഡന്റായിരുന്ന പി.പി. തങ്കച്ചന് പകരക്കാരനായി വീണ്ടും കെപിസിസിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് പുതിയ പ്രസിഡന്റായി നിയമിച്ച 2005 വരെ ആ സ്ഥാനത്ത് തുടർന്നു.
1991-ലും 1992-ലും 2003-ലും
കേരളത്തിൽനിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗമായിരിക്കെ നദീസംരക്ഷണ അതോറിറ്റി, പെറ്റീഷൻ കമ്മിറ്റി, ദേശീയ ഷിപ്പിങ് ബോർഡ്, റബർ ബോർഡ്, സ്പെഷ്യൽ എക്കണോമിക് സോൺ സബ് കമ്മിറ്റി, കമ്മിറ്റി ഓൺ കൊമേഴ്‌് തുടങ്ങിയവയിൽ അംഗമായിരുന്നു. കേരള അയ്യപ്പസേവാ സംഘത്തിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. സതീദേവിയാണ് ഭാര്യ. ഒരു മകളുണ്ട്.
ഭൗതികദേഹം ആശുപത്രിയിൽനിന്ന് തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട്