തൃശ്ശൂർ: കളക്ടറിനെ ഓടി തോൽപ്പിച്ചാൽ അവധി തരാമോയെന്ന് ചോദിച്ച കുട്ടിയുടെ നിഷ്കളങ്ക ചോദ്യം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അന്ന് വരുന്ന ദിവസങ്ങളിൽ മഴ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സൽമാൻ്റെ പേരിൽ ഡെഡിക്കേറ്റ് ചെയ്യാമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ വാക്കും നൽകിയിരുന്നു. വാക്കുപാലിച്ച് ഇത്തവണത്തെ മഴ അവധി സൽമാനും സ്പോർട്സിനെ സ്നേഹിക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ് തൃശ്ശൂർ ജില്ലാ കളക്‌ടർ അർജുൻ പാണ്ഡ്യൻ.
'അവധി ചോദിച്ചുകൊണ്ടുള്ള മെസ്സേജുകൾ നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും എന്നോട് കുട്ടികൾ ചോദിക്കാറുള്ളതാണ്.... കഴിഞ്ഞ മാസം പാലപിള്ളിയിൽ വച്ചു നടന്ന മരത്തോണിനിടെ പരിചയപ്പെട്ട ഏഴാംക്ലാസ്സുകാരൻ സൽമാൻറെ ചോദ്യവും അങ്ങനെ ഉള്ള ഒന്നായിരുന്നു.. മഴയുടെ സാഹചര്യങ്ങളും മുന്നറിയിപ്പും കണക്കിലാക്കിയാണ് അവധികൾ നിശ്ചയിക്കുന്നത്. കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം, ഇതാ ഒരു മഴ അവധി കൂടി. ഈ മഴ അവധികൾ വീട്ടിൽ ഇരുന്നു പഠിച്ചും മറ്റു പ്രവർത്തികളിൽ ഏർപ്പെട്ടും, പുഴകളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാതെ വീട്ടിൽ ഇരിക്കണം എന്നഭ്യർത്ഥിക്കുന്നു. ഈ അവധി സൽമാനും, സൽമാനെ പോലെ സ്പോർട്‌സിനേ സ്നേഹിക്കുന്ന, എല്ലാ കൊച്ചു കൂട്ടുകാർക്കും ആയി ഡെഡിക്കേറ്റ് ചെയ്യുന്നു. വലിയ പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും, അവ യാഥാർഥ്യമാവട്ടെ എന്നാശംസിക്കുന്നു. വലിയ നേട്ടങ്ങളിലേക്ക് ഓടി കുതിക്കുവാൻ സൽമാനും സാധിക്കട്ടെ!.' കളക്ടർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
സെന്റ്. മേരീസ് യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി സൽമാനാണ് നിഷ്കളങ്കമായ ഈ ചോദ്യം ചോദിച്ചത്. കളക്‌ടർ സാറിനെ ഓടി തോൽപ്പിച്ചാൽ സ്‌കൂളിന് അവധി തരുമോ?. ചോദ്യത്തിനൊപ്പം തൃശ്ശൂരിലെ എല്ലാ കുട്ടികൾക്കും കൂടി വേണ്ടിയാണ് താൻ അവധി ചോദിക്കുന്നതെന്നും വിശദീകരണം. കളക്ടർ സാറാണെങ്കിൽ അതൊരു ചാലഞ്ച് ആയി തന്നെ ഏറ്റെടുത്ത് സൗഹൃദ ഓട്ടത്തിൽ പങ്കാളിയായി. എൻഡ്യൂറൻസ് അറ്റ്ലറ്റ്സ് ഓഫ് തൃശ്ശൂരിന്റെ നേതൃത്വത്തിൽ പാലപ്പിള്ളിയിൽ വച്ചു നടന്ന 12 കിലോമീറ്റർ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്ത് പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഇരുവരും ഫിനിഷ് ചെയ്തതത് ഒന്നിച്ചായിരുന്നു.