പേരാമ്പ്ര: വെള്ളിയൂർ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ റാഗിങ് 2 വിദ്യാർഥികൾക്ക് പരുക്ക്. 5 പേർക്ക് സസ്പെൻഷൻ. സാരമായി പരുക്കേറ്റ വിദ്യാർഥികളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ വിദ്യാർഥികളായ മെഹബിൻ, അബിൻ രാജ് എന്നിവർക്കാണ് പരുക്കേറ്റത്.
പരുക്കേറ്റ വിദ്യാർഥികളുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതർക്ക് നൽകിയ പരാതി പേരാമ്പ്ര പൊലീസിനു കൈമാറി. മെഹബിനെ സ്ക്‌കൂൾ ശുചിമുറിയിൽ വച്ചും അബിൻ രാജിനെ പുറത്തു വെച്ചുമാണു ആക്രമിച്ചതെന്നും ഒരു കാരണവും ഇല്ലാതെ ആണ് മർദ്ദനം എന്നും വിദ്യാർത്ഥികൾ പറഞ്ഞു.
അബിൻ രാജിന് തലയ്ക്കും കഴുത്തിനും ചെവിക്കും, മെഹബിന് മുഖത്തും ചെവിക്കും ആണ് പരുക്കു പറ്റിയത്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. ആരോപണ വിധേയരായ 5 വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു.