Page views

Pageviews:

പേരാമ്പ്രയിലെ അപകടാവസ്ഥയിലായ പഴയ പഞ്ചായത്ത് കെട്ടിടം പൊളിച്ചു നീക്കണം.




പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് ട്രാഫിക് പോലീസ് സ്‌റ്റേഷനടുത്ത് സ്ഥിതി ചെയ്യുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാല് നില കെട്ടിടത്തിന്റെ പില്ലറുകളും ബീമുകളും സ്ലാബും തകർന്ന് കെട്ടിടം അപകടാവസ്ഥയിലാണ്. പില്ലറുകളുടെ കമ്പികൾ പുറത്തേക്ക് തള്ളുകയും സ്ലാബുകൾ അടർന്ന് വീഴുകയും ബീമുകൾ തകർന്ന് ഏത് നിമിഷവും കെട്ടിടം നിലം പൊത്തുമെന്ന അവസ്ഥയിലാണ്. 2022 മുതൽ പ്രസ്തുത ബിൽഡിംഗിൻ്റെ തകർച്ചാവസ്ഥ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നവകേരള സദസ്സിൽ എസ്ഡിപിഐ പരാതി നൽകുകയും ചെയ്തിരുന്നതാണ്. നിരന്തരമായി വാഹനങ്ങളും വഴി യാത്രക്കാരും ഇതിന് പുറമെ ട്രാഫിക് തടസ്സവും ഉണ്ടാകുന്ന തിരക്കേറിയ പേരാമ്പ്ര ജംഗ്ഷനിലെ തകർച്ച ഭീഷണി നേരിടുന്ന നാല് നില കെട്ടിടത്തിൽ നിരവധി കച്ചവട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. കാലവർഷക്കെടുതിയിൽ കെട്ടിടത്തിൻ്റെ പിറക് വശത്തെ ഗ്രില്ലുകൾ തകർന്ന് വീണത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ദിവസങ്ങളായിട്ടും അധികൃതർ ഒന്നും ചെയ്തിട്ടില്ല. തൊട്ടടുത്ത് തന്നെയുള്ള ട്രാഫിക് പോലീസ് സ്‌റ്റേഷനും സമീപത്തുള്ള മറ്റു കെട്ടിടങ്ങൾക്കും കച്ചവടക്കാർക്കും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വഴിയാത്രക്കാരായ ജനങ്ങളുടെ ജീവനും ഭീഷണിയായ ഈ കെട്ടിടം എത്രയും വേഗം പൊളിച്ചു നീക്കാൻ വേണ്ട നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് വി. കുഞ്ഞമ്മത് ആവശ്യപ്പെട്ടു. പേരാമ്പ്ര ടൗണിലെ മാലിന്യ നിക്ഷേപ കേന്ദ്രമായ ഈ കെട്ടിടത്തിൻ്റെ പരിസരത്തെ മാലിന്യം ക്ലീൻ പേരാമ്പ്ര പദ്ധതിയിൽ പെടുത്തി നീക്കം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ കിലോക്ക് 12 രൂപ വീതം അടച്ചാൽ നീക്കം ചെയ്യുമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും അറിയിച്ചതെന്നും അന്ന് നീക്കം ചെയ്യാതിരുന്ന മാലിന്യങ്ങൾ മഴയത്ത് ചീഞ്ഞളിഞ്ഞ് മാലിന്യാവശിഷ്ടങ്ങളും മലിന ജലവും ടൗണിലേക്ക് പരന്നൊഴുകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post