കൊയിലാണ്ടി: കണ്ണാടി മാറ്റാനായി എത്തിച്ച ബൈക്കിൽ രണ്ട് പെരുമ്പാമ്പുകളെ കണ്ടെത്തി. ഇന്ന് വൈകീട്ടോടെ 5.30 തോടെയാണ് സംഭവം. മുത്താമ്പി റോഡിൽ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുള്ള ഹോണ്ട കെയർ വർക്ക് ഷോപ്പിൽ എത്തിച്ച ബൈക്കിലാണ് രണ്ട് പെരുമ്പാമ്പിനെ കണ്ടത്.
കോതമംഗലം സ്വദേശിയായ ദിനേശിന്റെ സ്‌കൂട്ടറിന്റെ വൈസറിൽ ആയിരുന്നു പെരുമ്പാമ്പുകൾ ഒളിച്ചിരുന്നത്. ബൈക്കിന്റെ കണ്ണാടി മാറ്റാനായി എത്തിയതായിരുന്നു ദിനേശൻ. ബൈക്ക് റിപ്പയർ ചെയ്യുമ്പോൾ പിണഞ്ഞുകിടക്കുന്ന രണ്ട് പാമ്പുകളെ മെക്കാനിക്ക് മാജിദിൻ്റെ ശ്രദ്ധയിൽ പ്പെടുകയായിരുന്നു. ഒരു മീറ്ററോളം നീളമുള്ള രണ്ട് പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെയാണ് ബൈക്കിനുള്ളിൽ നിന്നും പിടികൂടിയത്.
ഉടനെ നന്തിയിലെ പാമ്പുപിടുത്തക്കാരനെ വിവരമറിയിക്കുകയായിരുന്നു. ഇയാൾ സ്ഥലത്തെത്തി പെരുമ്പാമ്പുകളെ പുറത്തെടുത്തു. ഇവയെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറും.