ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് വനംവകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കടുവ സഫാരിപാർക്കിന് (കോഴിക്കോട് ബയോളജിക്കൽ പാർക്ക്) സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തിയതോടെ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ വേഗമേറും. പെരുവണ്ണാമൂഴി ടൂറിസം കേന്ദ്രത്തിന് സമീപമാണ് പാർക്ക് വരുന്നതെന്നതിനാൽ മേഖലയിലെ ടൂറിസം വളർച്ചയ്ക്കും ഗുണമാകും. പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൻ്റെ 127 ഹെക്ടർസ്ഥലമാണ് പാർക്ക് സ്ഥാപിക്കാനായി കണ്ടെത്തിയത്. വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ കൺസൽട്ടൻസിയായി ഡൽഹിയിലെ ജെയിൻ ആൻഡ് അസോസിയേറ്റ്സിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. 64 ലക്ഷം രൂപ ഇതിനായി അനുവദിക്കുകയും ചെയ്തു. ആറ് മാസത്തിനുള്ളിൽ ഡി.പി.ആറും വിശദമായ മാനേജ്മെന്റ് പ്ലാനും തയ്യാറാക്കി സമർപ്പിക്കാനായിരുന്നു നിർദേശം.
2023 നവംബർ 18-നാണ് കടുവ സഫാരിപാർക്ക് ആരഭിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായത്. പാർക്കിൽ ആനിമൽ ഹോംസ് സ്പെയ്സ് സെൻ്റർ ആരംഭിക്കുന്നതിന് കിഫ്ബി മുഖേന പത്തുകോടി അനുവദിച്ച് നേരത്തേ ഭരണാനുമതിയായിട്ടുണ്ട്.
ജനവാസമേഖലയിൽ ഇറങ്ങുന്നതും പരിക്കുപറ്റിയതും ആരോഗ്യപ്രശ്നങ്ങൾ ഉളളതുമായ കടുവകളെ പുനരധിവസിപ്പിക്കുന്നതാണ് ഈ സെന്റർ.