✒️ ജോബി മാത്യു
കൂരാച്ചുണ്ട് :
പൊതുമരാമത്ത് വകുപ്പിന്റെ കൂരാച്ചുണ്ട് - ബാലുശ്ശേരി റോഡിൽ ഊളേരി കയറ്റത്തിൽ മഴക്കാലത്ത് ഉറവ പൊട്ടി രൂപപ്പെട്ട അപകടക്കുഴി ഒഴിവാക്കാൻ നവീകരണ പ്രവൃത്തി ആരംഭിച്ചു.
അപകടക്കുഴി മേഖലയിൽ അടിയന്തര പ്രവൃത്തി നടത്താത്തതു മൂലമുള്ള ദുരിതത്തെക്കുറിച്ചു മനോരമ വാർത്ത നൽകിയതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.
കൂരാച്ചുണ്ടിൽ നിന്നു ബാലുശ്ശേരിക്കുള്ള തിരക്കേറിയ ഈ റൂട്ടിൽ ബൈക്ക് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവായിരുന്നു.
അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ റോഡിൽ പ്രക്ഷോഭവും നടത്തി.
മഴക്കാലത്ത് പാതയിൽ ഉറവരൂപപ്പെടുന്ന മേഖലയിൽ കോൺക്രീറ്റ് ചെയ്ത് ഓവുചാലിലേക്കു വെള്ളം ഒഴിവാക്കുന്നതാണ് ഇപ്പോൾ നടത്തുന്ന പ്രവൃത്തി. ഇതോടെ ഈ മേഖലയിലെ യാത്രാപ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.