മരുതോങ്കര: കനാൽ തുറക്കുന്നത് ഭീതിയോടെ നോക്കിക്കണ്ട് പ്രദേശവാസികൾ. മരുതോങ്കര പഞ്ചായത്തിൽ കള്ളാട് പ്രദേശത്തുകൂടി കടന്നുപോകുന്ന കനാലിൻ്റെ നവോദയ വായനശാലയ്ക്ക് സമീപമുള്ള ഭാഗങ്ങളിൽ വെള്ളം തുറന്നുവിട്ടാൽ ഏതുസമയവും തകരുമെന്ന സ്ഥിതിയാണുള്ളത്.
കനാലിന്റെ കോൺക്രീറ്റ് ചെയ്‌ത ഭാഗങ്ങൾ എല്ലാം തകർന്നനിലയിലാണുള്ളത്. കനാൽ ഫില്ലിൽ മുള്ളൻപന്നികൾ കുഴിച്ച് വലിയ കുഴികൾ ഉണ്ടാക്കിയിരിക്കുകയാണ്. ഇതുകാരണം കനാലിലെ വെള്ളം മുഴുവൻ പുറത്തേക്ക് ഒഴുകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.
കനാലിന്റെ സമീപത്തെ നാലോളം കുടുംബങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. കനാൽ തകർന്നതും ചോർച്ചയും കാരണം വീടും കൃഷിയും നശിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വെള്ളംതുറന്നാൽ കനാലിനോട് ചേർന്ന കളിസ്ഥലം മുഴുവൻ വെള്ളത്തിലാകുകയും ചെയ്യും.
പ്രദേശവാസികൾ ഇറിഗേഷൻ വകുപ്പിന് ഒട്ടേറെത്തവണ പരാതി നൽകിയെങ്കിലും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇറിഗേഷൻ വകുപ്പ് അധികൃർ പ്രദേശം സന്ദർശിക്കുകപോലും ചെയ്യാത്തത് പ്രദേശവാസികളിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. കനാൽ തുറക്കുന്നതിന് മുൻപായി തകർന്ന കോൺക്രീറ്റ് ഭാഗങ്ങളും അതുവഴി ഉണ്ടാക്കുന്ന ജലച്ചോർച്ചയ്ക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ.ക്ക് നിവേദനം നൽകിയിട്ടുണ്ട്.