✒️ജോബി മാത്യു
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജല തുറക്കാൻ കലക്‌ടറുടെ നേതൃത്വത്തിലുള്ള പ്രോജക്ട‌് അഡ്വൈസറി കമ്മിറ്റി യോഗം തീരുമാനിച്ചു പെരുവണ്ണാമൂഴി ഡാമിൻ്റെ ഷട്ടർ തുറന്ന് പ്രധാന കനാലിലേക്കാണ് ആദ്യഘട്ടത്തിൽ വെള്ളം ഒഴുക്കുന്നത്.
ഡാമിനു സമീപത്തു നിന്നും 3 കിലോമീറ്ററോളം ദൂരത്തിൽ പ്രധാന കനാലിലൂടെ എത്തുന്ന വെള്ളം പട്ടാണിപ്പാറയിൽ നിന്നു ഇടത്, വലത് കനാലുകളിലേക്കാണു പ്രവഹിക്കുന്നത്. 19ന് വലതു കനാലിൽ വെള്ളം ഒഴുകി തുടങ്ങും ഒരാഴ്ചയ്ക്കുള്ളിൽ ഇടതു കനാലിലും വെള്ളം എത്തും.
ഇന്നലെ ഡാമിലെ ജലനിരപ്പ് 38 98 മീറ്റർ ആണ്. കഴിഞ്ഞ വർഷത്തേതിലും വെള്ളത്തിന്റെ അളവ് കൂടുതലുണ്ട്. ജില്ലയിലെ കൊയിലാണ്ടി, വടകര, കോഴിക്കോട് താലൂക്കുകളിലായി പദ്ധതി കനാലിനു 603 കിലോമീറ്റർ ദൈർഘ്യമുണ്ട്. ജലസേചന പദ്ധതിയിലെ ജലം കനാലിനുസമീപത്തെ ജലസ്രോതസ്സ്, കൂവയിൽ വെള്ളത്തിന്റെ അളവ് നിലനിർത്താനും സഹായകമാണ്
കനാൽ പുനരുദ്ധാരണത്തിന് ഈ വർഷം പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 250 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. കനാൽ വൃത്തിയാക്കുന്നതിനു നോൺ പ്ലാൻ ഫണ്ടിൽ 245 ലക്ഷം രൂപയാണ് അനുവദിച്ചത്. ജലവിതരണത്തിനു മുൻപ് പ്രവൃത്തികൾ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരി 6ന് കനാൽ തുറന്നിരുന്നു. ഇത്തവണ മഴ നീണ്ടുനിന്നതിനാൽ വരൾച്ച രൂക്ഷമാകാതിരുന്നതിനാൽ കനാൽ തുറക്കുന്നത് വൈകുകയായിരുന്നു. കനാൽ വെള്ളം എത്തുന്നതോടെ ജില്ലയിലെ വരൾച്ചയ്ക്കു ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.