Page views

Pageviews:

ജോയലിനെ ഒരുനോക്ക് കാണാൻ കാത്തിരുന്ന് കുടുംബം


ജോയൽ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചിട്ട് 10 ദിവസം

✍🏻 രാജൻ വർക്കി

ചക്കിട്ടപാറ: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ജോയൽ തോമസി(28)ൻ്റെ ഭൗതിക ശരീരത്തിനായി കാത്ത് പ്രാർഥനകളോടെ ചക്കിട്ടപാറ പുരയിടത്തിൽ കുടുംബം. ചേതനയറ്റതെങ്കിലും കുടുംബാംഗത്തിന്റെ മൃതശരീരം എത്രയും പെട്ടെന്നു വീട്ടിലെത്തണമെന്ന ആഗ്രഹം മാതാപിതാക്കളായ ജോസുകുട്ടിക്കും മോളിക്കും ഏക സഹോദരൻ ജോജിക്കും ബന്ധുക്കൾക്കുമുണ്ട്. ഇതിന് ഈ കുടുംബത്തെ സഹായിക്കാൻ സൗദിയിലുള്ള ബന്ധുക്കളും സംഘടനകളും സദാ രംഗത്തുണ്ട്.

ഫോട്ടോഗ്രാഫറായിരുന്നു ജോയൽ. സൗദിയിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ കാമറമാനായിരുന്നു. ജോലി കഴിഞ്ഞ് സഹപ്രവർത്തകരായ മൂന്നു പേരോടൊപ്പം മടങ്ങി വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് ഡിവൈഡറിൽ തട്ടിമറിഞ്ഞു കത്തുകയായിരുന്നു. വാഹനം ഓടിച്ച ആൾ ഉറങ്ങിയതാകാം കാരണമെന്നാണ് അനുമാനം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന നാലുപേരുടേയും മൃതശരിരങ്ങൾ അൽബഹാർ ആശുപത്രിയിലാണുള്ളത്. നാട്ടിൽ വലിയ സുഹ്യത്ത് ബന്ധത്തിൻ്റെ ഉടമയായിരുന്നു ജോയൽ. മകന്റെ ആകസ്‌മിക വേർപാടിൽ കനത്ത ദുഃഖത്തിലാണ് പുരയിടത്തിൽ കുടുംബം.

ജോയലിൻ്റെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു തങ്ങളെന്നു പിതാവ് ജോസുകുട്ടി പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ഈ കുടുംബത്തെ ആശ്വസി പ്പിച്ച് ഇപ്പോൾ ഒപ്പമുണ്ട്. ഇടവക വികാരി ഫാ. പ്രിയേഷ് തേവടിയിൽ, ഉറ്റ ബന്ധു ഫാ.ജോൺസൺ നന്തിലത്ത് എന്നിവർ ആശ്വാസ ഇടപെടലുമായി ഈ കുടുംബത്തോടൊപ്പമാണ്. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുന്നുണ്ട്. പേരാമ്പ്ര എംഎൽഎ ടി.പി. രാമക്രിഷ്‌ണൻ, ഷാഫി പറമ്പിൽ എം പി എന്നിവർ ആശ്വാസവും സഹായ വാഗ്‌ദാനവും നൽകി കഴിഞ്ഞ ദിവസം വീട്ടിൽ എത്തുകയുണ്ടായി.

അധികം വൈകാതെ തന്നെ തങ്ങളുടെ മകൻ ചേതനയറ്റ രീതിയിലാണെങ്കിലും തങ്ങളെ കാണാൻ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രാർഥന നിറഞ്ഞ ഹൃദയവുമായി മാതാപിതാക്കളായ ജോസുകുട്ടിയും മോളിയും ജ്യേഷ്‌ഠൻ ജോജിയും ബന്ധുക്കളും ഒപ്പം നാടും.


Post a Comment

Previous Post Next Post