Page views

Pageviews:

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി, സംഭവം കാസർകോട് വെള്ളരിക്കുണ്ടിൽ



വെള്ളരിക്കുണ്ട് : നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സിൽ.വെള്ളരിക്കുണ്ടിലാണ് നാലാം ക്ലാസിൽ പഠിക്കുമ്പോൾ അടിച്ചതിന് വയോധികൻ അന്നത്തെ സഹപാഠിയെ അടിച്ചത്.

സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്‌ത് കേസിൽ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പിൽ വി.ജെ. ബാബുവാണ് പരാതിക്കാരൻ. ബാലകൃഷ്‌ണൻ, സുഹൃത്ത് മാത്യു വലിയപ്ലാക്കൽ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്‌ണൻ ഷർട്ടിന്റെ കോളറിൽ പിടിച്ചുനിർത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോർട്ട്. നാലാംതരത്തിൽ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷൻ വെള്ളരിക്കുണ്ട് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

അന്ന് ബാബു തന്നെ മർദിച്ചതിലുള്ള വിരോധമാണ് ഇപ്പോൾ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂൺ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണിൽ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിൻ്റെപേരിൽ ഇരുവരും തമ്മിൽ മുൻപും വാക്കേറ്റമുണ്ടായതായി പറയുന്നു.

Post a Comment

Previous Post Next Post