ചക്കിട്ടപാറ : ഹോട്ടലിൽ ഭക്ഷണം കഴിച്ചു പണം നൽകാൻ വൈകിയതിന് പന്തിരിക്കരയിൽ ദലിത് യുവാവിനെ മർദിച്ചതായി പരാതി. മുതുകാട് ചെങ്കോട്ടക്കെല്ലി കേളംപൊയിൽ മിജിൻസ് (നന്ദു-40) ആണു മർദനമേറ്റതായി പരാതി നൽകിയത്. പെരുവണ്ണാമൂഴി പൊലീസ് എസ്‌സി എസ്ടി ആക്ട് പ്രകാരം എടുത്ത കേസ് ഡിവൈഎസ്‌പി അന്വേഷിക്കും. രണ്ടാഴ്ച മുൻപ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണു പുറത്തറിഞത്
പന്തിരിക്കരയിൽ ജോലി
ചെയ്യുന്ന മിജിൻസ് ടൗണിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ച് കൈ കഴുകുമ്പോൾ ഫോൺ വന്നതിനാൽ സംസാരിച്ചുകൊണ്ടു പുറത്തേക്ക് ഇറങ്ങിയതാണു പ്രശ്നമായത്. ഫോൺ ചെയ്തു കഴിഞ്ഞു പണം നൽകാൻ എത്തിയപ്പോൾ ഹോട്ടൽ ഉടമയും കൂട്ടാളികളും ചേർന്നു ചീത്ത വിളിക്കുകയും മർദിക്കുകയുമായിരുന്നെന്നു പരാതിയിൽ പറയുന്നു.
അവശനായ യുവാവ് ആരെയും അറിയിക്കാതെ തൊട്ടടുത്ത പഞ്ചായത്ത് കെട്ടിടത്തിൽ അഭയം തേടിയെങ്കിലും ഹോട്ടൽ ഉടമയും സംഘവും പിന്നാലെയെത്തി ജാതിപ്പേരു വിളിച്ചു വീണ്ടും മർദിച്ചത്രെ, തലയ്ക്കും നെഞ്ചിലും സാരമായി പരുക്കേറ്റ മിജിൻസിനെ പേരാമ്പ്ര താലൂക്ക് ആശുപ ത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി യിലും പ്രവേശിപ്പിച്ചു. പേരാമ്പ്ര ഡിവൈഎസ്‌പി ഇന്നലെ സ്‌ഥലത്തെത്തി അന്വേഷണം നടത്തി യിട്ടുണ്ടെന്നു പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.
പന്തിരിക്കരയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച് പണം നൽകാൻ വൈകിയതിന്റെറെ പേരിൽ മുതുകാട് സ്വദേശിയെ മർദിച്ചതിൽ കൊയിലാണ്ടി താലൂക്ക് എസ്.സി., എസ്.ടി. കോഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു.
പ്രതികളെ അറസ്റ്റുചെയ്യണമെന്നും അല്ലാത്തപക്ഷം ഡിവൈ.എസ്.പി. ഓഫീസ് മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
പ്രതിഷേധയോഗം എ.കെ. അച്ഛതൻ ഉദ്ഘാടനംചെയ്തു. എ.എം. ബാലരാമൻ അധ്യക്ഷനായി. എ.എം. ബാലൻ, ദേവി ചന്ദ്രൻ, വി.പി. വേണു, സന്ധ്യ തുറയൂർ, വി.കെ. വേലായുധൻ, രജനി മോഹനൻ, ദേവി ആവള, സുജാത മേപ്പയ്യൂർ, മണി കാപ്പുങ്കര, പി.സി. ചന്ദ്രൻ, എ.എം. മോഹനൻ, മഞ്ജുള മോഹനൻ എന്നിവർ സംസാരിച്ചു.