റിയാദ്: ലോക കേരള സഭാംഗവും സൗദിയിലും മറ്റ് പ്രദേശങ്ങളിലുമായി ദീര്‍ഘകാലം പ്രവാസ ജീവിതം നയിക്കുകയും പ്രവാസ ലോകത്തും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മാധ്യമ രംഗത്തും നിറസാന്നിധ്യമായിരുന്ന കുഞ്ഞമ്മദ് കൂരാച്ചുണ്ടിന്റെ 'അത്തിക്കയുടെ പ്രവാസം' എന്ന കഥാ സമാഹാരം റിയാദില്‍ പ്രകാശനം ചെയ്തു.
റിയാദിലെ ഹോട്ടല്‍ ഡി പാലസ് ഓഡിറ്റോറിയത്തില്‍ കേളി കാലാസംസ്‌കാരിക വേദി സംഘടിപ്പിച്ച സെമിനാറിനോടനുബന്ധിച്ചു നടത്തിയ പരിപാടിയില്‍ കേളി ട്രഷറര്‍ ജോസഫ് ഷാജി റിയാദിലെ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ നജീം കൊച്ചുകലുങ്കിന് പുസ്തകം നല്‍കിക്കൊണ്ട് പ്രകാശനം നടത്തി.
പ്രവാസത്തിന്റെ വിങ്ങുന്ന അനുഭവങ്ങള്‍ പങ്കുവച്ച് തയാറാക്കിയ പുസ്തകത്തില്‍ അത്തിക്കയുടെ പ്രവാസം
ഇടയന്‍, നജഫിലേക്കുള്ള വഴി. മോസ്സക്കയുടെ പുത്രി, എലിസബത്ത് കരീന എന്നിങ്ങനെ അഞ്ച് അധ്യായങ്ങളുണ്ട്.
മുംബൈയിലെ കാമത്തിപുരം മുതല്‍ സൗദിയിലെ മണലാരണ്യം വരെ നീളുന്ന അധ്യായങ്ങളില്‍ ആട് ജീവിതത്തിലെ നജീബുമാരെ മാത്രമല്ല തൊഴിലാളികളെ സഹോദരങ്ങളെ പോലെ കരുതുന്ന കാരുണ്യത്തിന്റെ ഉറവ വറ്റാത്ത അറബികളുടേയും കഥകള്‍ 'ഇടയന്‍' എന്ന ഭാഗത്തിലൂടെ കുഞ്ഞമ്മദ് കോറിയിട്ടിട്ടുണ്ട്.
തന്റെ പ്രവാസജീവിതത്തില്‍ കണ്ടുമുട്ടേണ്ടി വന്ന വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള നിരവധിയായ മനുഷ്യരുടെ കഥകള്‍ വിവരിക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിയാതെ വരികള്‍ പൂര്‍ത്തിയാക്കുക അസാധ്യമായിരിക്കും. പ്രത്യേകിച്ചും പ്രവാസത്തിന്റെ അനുഭവങ്ങള്‍ തൊട്ടറിഞ്ഞവര്‍ക്ക്. ഇടം നഷ്ടമായവരുടെ വിലാപങ്ങള്‍ എന്ന തലക്കെട്ടോടെ കേരളസാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ അവതാരിക എഴുതിയ പുസ്തകം ഇന്‍സൈറ്റ് പബ്ലിക്കയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുസ്തക പ്രകാശന ചടങ്ങില്‍ കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ വര്‍ഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രന്‍ കൂട്ടായ്, പ്രഭാകരന്‍ കണ്ടോന്താര്‍, ഷമീര്‍ കുന്നുമ്മല്‍, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സാംസ്‌കാരിക കമ്മറ്റി ചെയര്‍മാന്‍ വിനയന്‍, കണ്‍വീനര്‍ ഷാജി റസാഖ്, കമ്മറ്റിയംഗം ഫൈസല്‍ കൊണ്ടോട്ടി എന്നിവര്‍ പങ്കെടുത്തു.