കന്നിയങ്കത്തിൽ കിരീടം ചൂടി അത്ലാന്റീസ് കല്ലാനോടിന്റെ പട്ടാഭിഷേകം..! 🔥⚽
വട്ടുകുളാരവാവേശം_2025...⚽🥅🏆
MATCH_NO_11@ഫൈനൽ.
അത്ലാന്റീസ് കല്ലാനോട് : 2,
MYC കക്കയം :0
✒️ നിസാം കക്കയം
കൂരാച്ചുണ്ട് : 39-മത് ഫാ.ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സര ദിനമായ ഇന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും, കേരള പോലീസിലെ അസിസ്റ്റന്റ് കമാൻഡന്റുമായ പത്മശ്രീ ഐ.എം.വിജയൻ, ടൂർണമെന്റ് രക്ഷാധികാരി ഫാ.ജിനോ ചുണ്ടയിൽ, ഫുട്ബോൾ മൈതാനങ്ങളിലെ സൂപ്പർ സ്റ്റാർ സൽമാൻ കുറ്റിക്കോട് ഉൾപ്പടെയുള്ള പ്രമുഖ വ്യക്തികൾ ടീം അംഗങ്ങളെ പരിചയപെട്ടു.
ഒരു നന്ദി പറഞ്ഞു കൊണ്ട് ഫൈനൽ മത്സരത്തെ കുറിച്ചെഴുതി തുടങ്ങാം..!
അക്ഷരാർത്ഥത്തിൽ മലയോര - കുടിയേറ്റ മണ്ണിന്റെ ലോകകപ്പ് മത്സരം എന്നറിയപ്പെടുന്ന ഫാ.ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെന്റിന്റെ 39-)ആമത് സീസണിനാണ് തിരശീല വീഴുന്നത്. നമ്മുടെ സംസ്ഥാനത്ത് തന്നെ ഇത്രയും പഴക്കമുള്ള മറ്റൊരു ഇലവൻസ് ടൂർണമെന്റുണ്ടോ എന്ന് സംശയം. കല്ലാനോടിന്റെ പുരോഗതിയിൽ പ്രധാന പങ്ക് വഹിച്ച ഫാ.ജോർജ് വട്ടുകുളത്തിലച്ചന്റെയും ,കുടിയേറ്റ ജനതയുടെയും സ്മരണകൾ പുതുക്കി നടക്കുന്ന ഈ ടൂർണമെന്റ് കേരളത്തിന്റെ കായിക ചരിത്രത്തിൽ തന്നെ ഇടം നേടിയ ടൂർണമെന്റ് ആയിരിക്കും.
ഓരോ തവണ ടൂർണമെന്റ് കടന്ന് വരുമ്പോഴും അങ്ങ് ഏഴാം കടലിനക്കരെയുള്ള നമ്മുടെ പ്രവാസി സുഹൃത്തുക്കൾ വേദനയോടെയാണ് സമയം തള്ളി നീക്കി കൊണ്ടിരിക്കുന്നുണ്ടാവുക. കളി കാണുന്നവർ ഫോണിലൂടെ കൈയമാറുന്ന വിവരങ്ങൾ മാത്രമാണ് അവർക്ക് കളി അറിയാനുള്ള ഏക മാർഗം..
എന്നാൽ ഇത്തവണ കളി മാറി.. ടൂർണമെന്റ് രക്ഷാധികാരി ഫാ.ജിനോ ചുണ്ടയിൽ അച്ഛന്റെ കൃത്യമായ ഇടപെടലിന്റെ ഭാഗമായി കമ്മിറ്റി നേതൃത്വത്തിൽ മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് ആരംഭിച്ചത് നൂറ് കണക്കിന് പ്രവാസികൾക്ക് അനുഗ്രഹമായി. നമ്മുടെ നാടിന്റെ നട്ടെല്ലും നിലനിൽപ്പുമായ പ്രവാസി സുഹൃത്തുക്കളുടെ ഏറെ കാലമായുള്ള ആഗ്രഹമാണ് ഈ തവണ പൂവണിഞ്ഞത്. യുവ ബിസിനസ്കാരനും, അത്ലാന്റീസ് കല്ലാനോട് ടീം കപ്പിത്താനുമായ വിമലിന്റെ ഇടപെടലും ലൈവ് ടെലികാസ്റ്റിങ് മനോഹരമാക്കാൻ കാരണമായി. ഷിജോ KS ന്റെ നേതൃത്വത്തിലുള്ള ടീം ആണ് മത്സരങ്ങൾ ലൈവ് ആയി കാണിക്കുന്നതിന് സജ്ജീകരണങ്ങൾ ഒരുക്കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവർക്കും പ്രവാസി സമൂഹത്തിന്റെ ഹൃദയം നിറഞ്ഞ വലിയൊരു നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു...അടുത്ത വർഷങ്ങളിൽ ഇതിലും മികച്ച രീതിയിൽ തുടരാൻ കമ്മിറ്റിക്ക് സാധിക്കട്ടെ..
ഫൈനൽ മത്സരത്തിലേക്ക് വന്നാൽ, ടൂർണമെന്റിൽ പങ്കെടുത്ത 12 ടീമുകളിൽ നിന്ന് ആറ്റികുറുക്കി കടഞ്ഞെടുത്ത രണ്ട് ടീമുകൾ, രണ്ട് പേരും കളി മികവ് കൊണ്ടും, കായിക മികവ് കൊണ്ടും, ആരാധക പിൻബലം കൊണ്ടും വട്ടുകുളം ട്രോഫിയിൽ മുത്തമിടാൻ അർഹരായവർ..!
ഇരു ടീമുകളെ കുറിച്ചും നേരത്തെ നടന്ന കളികളിൽ വിവരങ്ങൾ കൈമാറിയത് കൊണ്ട് നേരെ ഇന്നത്തെ കളിയിലേക്ക് കടക്കാം.
ഒരു വശത്ത് കാപ്പിരികൾക്കൊപ്പം, സന്തോഷ് ട്രോഫി താരങ്ങൾ അടക്കമുള്ള പ്രഗത്ഭതാരങ്ങളെ അണിനിരത്തി ടീം അത്ലാന്റീസ് കല്ലാനോടും, മറു വശത്ത് പ്രാദേശിക താരങ്ങൾക്ക് മുൻതൂക്കം നൽകി ടൂർണമെന്റിലെ കറുത്ത കുതിരകളെ പോലെ എതിരാളികളെ നിഷ്പ്രഭമാക്കി ഫൈനലിലേക്ക് യോഗ്യത നേടിയ MYC കക്കയവും.
എഫ്സി അരീക്കോട് (4-1), FCS കൂരാച്ചുണ്ട് (1-0), FC തലയാട് (2-0) എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് കക്കയം ഫൈനലിലേക്ക് യോഗ്യത നേടിയതെങ്കിൽ, ടൂർണമെന്റ് BYE ടീം ആയ കല്ലാനോട് വയനാടിനെയും (2-1), വിക്ടറി ചാലിടത്തിനെയും (പെനാൽറ്റി ഷൂട്ടൗട്ട് ) പരാജയപ്പെടുത്തിയാണ് കലാശപോരാട്ടത്തിലേക്ക് എത്തിയത്.
ടൂർണമെന്റിലെ ആദ്യ കളികളിൽ പുറത്തെടുത്ത പ്രകടനം പുറത്തെടുക്കാൻ കക്കയം ടീമിന് സാധിക്കാതെ വന്നതോടെ ഫൈനൽ മത്സരം ഏകപക്ഷീയമായ രീതിയിലേക്ക് മാറി. സൂപ്പർ താരങ്ങൾ അണി നിരന്ന കല്ലാനോടിന്റെ നിയന്ത്രണത്തിലായിരുന്നു മത്സരം മുന്നോട്ട് പോയത്. പ്രാദേശിക താരങ്ങളെ അണി നിരത്തിയതിനാൽ കക്കയത്തിനായിരുന്നു ഗ്രൗണ്ട് സപ്പോർട് കൂടുതൽ. മത്സരത്തിന്റെ 8ആം മിനിറ്റിലും, 38ആം മിനിറ്റിലും ജേഴ്സി നമ്പർ 11 ഷംസു നേടിയ രണ്ട് ഉജ്ജ്വല ഗോളുകളുടെ പിൻബലത്തിൽ കന്നിയങ്കത്തിൽ തന്നെ അത്ലാന്റീസ് കല്ലാനോട് ജേതാക്കളായി വട്ടുകുളം ട്രോഫി ഉയർത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഫുട്ബോൾ മൈതാനങ്ങളിലെ വികാരമായി മാറിയ സൽമാൻ കുറ്റിക്കോട് കല്ലാനോട് ജഴ്സിയിൽ പന്ത് തട്ടാൻ ഇറങ്ങിയതോടെ ഗ്യാലറി മൊത്തത്തിൽ കയ്യടിയോടെ സ്വീകരിച്ചു.
മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴുങ്ങി..!
നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി ടീമുകളും വ്യക്തിഗത പുരസ്കാര ജേതാക്കളും ട്രോഫികളും പ്രൈസ്മണിയും ഏറ്റുവാങ്ങി.. പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഐ.എം.വിജയൻ തന്നെയാണ് ട്രോഫികൾ കൈമാറിയത്..
ആവേശമായി ഐ.എം.വിജയൻ : ഒഴുകിയെത്തിയത് ആയിരങ്ങൾ
കുടിയേറ്റത്തിന്റെ ചൂടും ചൂരും ആവേശമുയർത്തുന്ന മലയോര ഗ്രാമത്തിൽ നിന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി ഉയർന്ന് കേട്ട കാൽപന്ത് കളിയുടെ ആരവാവേശത്തിന് ഉജ്ജ്വല സമാപനം. കല്ലാനോടിന്റെ പുരോഗതിയിൽ പ്രധാന പങ്ക് വഹിച്ച ഫാ.ജോർജ് വട്ടുകുളത്തിലച്ചന്റെയും ,കുടിയേറ്റ ജനതയുടെയും സ്മരണകൾ പുതുക്കിയാണ് 39-)മത് ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് നടന്നത്.
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും, കേരള പോലീസിലെ അസിസ്റ്റന്റ് കമാൻഡന്റുമായ പത്മശ്രീ ഐ.എം.വിജയൻ ഫൈനൽ മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു മലയോരം. ഫൈനൽ മത്സരം രണ്ട് പ്രാദേശിക ടീമുകൾ തമ്മിലുള്ളതായതും 12000 പേരെ കൊള്ളാവുന്ന ഗ്യാലറി നിറയാൻ കാരണമായി. നൂറ്കണക്കിന് സ്ത്രീകളും ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തിയിരുന്നു.
കല്ലാനോട് സെയ്ന്റ് മേരീസ് ഹൈസ്ക്കൂളിന്റെ ബാൻഡ് സെറ്റ് ടീമിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് ഐ.എം.വിജയനെ സ്റ്റേഡിയത്തിലേക്ക് സ്വീകരിച്ചത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ടീം അംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു. ടൂർണമെന്റ് കമ്മിറ്റിയുടെ സ്നേഹോപഹാരം കമ്മിറ്റി സെക്രട്ടറി അനു കടുകൻമാക്കൽ കൈമാറി.
ആദ്യ വരവിൽ കപ്പൂയർത്താൻ സാധിച്ചതിന്റെ സന്തോഷത്തിൽ ടീം കല്ലാനോടും, ഒന്നും നഷ്ടപ്പെടാനില്ലാതെയും, അവകാശവാദങ്ങളില്ലാതെയും പോരാട്ടത്തിനിറങ്ങി 20 വർഷങ്ങൾക്ക് ശേഷം രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയോടെ ടീം കക്കയവും ഫൈനൽ ദിനം ആഘോഷമാക്കി.
ടൂർണമെന്റ് ഒറ്റ നോട്ടത്തിൽ:👇
🏆 വിജയികൾ :- അത്ലാന്റീസ് കല്ലാനോട്
🏆 റണ്ണേഴ്സ്: MYC കക്കയം
🥇 മികച്ച താരം:- സിനാൻ, MYC കക്കയം
🥇 മികച്ച ഗോൾകീപ്പർ :അഖിലേഷ്, MYC കക്കയം
🥇മികച്ച ഡിഫന്റർ: മനോജ്,അത്ലാന്റീസ് കല്ലാനോട്
🥇 മികച്ച യുവ താരം: സച്ചിൻ, MYC കക്കയം
🥇ഫൈനൽ മത്സരത്തിലെ മികച്ച താരം : ഷംസു, അത്ലാന്റീസ് കല്ലാനോട്
🎖️ മികച്ച ആസ്വാദകൻ: കുരുപിലാക്കൽ കുഞ്ഞുവർക്കി ചേട്ടൻ
വിജയ കിരീടം ചൂടിയ
അത്ലാന്റീസ് കല്ലാനോട്, MYC ടീം മാനേജ്മെന്റുകൾക്കും ,താരങ്ങൾക്കും, അഭിനന്ദനങ്ങൾ...!
മികച്ച രീതിയിൽ ടൂർണമെന്റ് നടത്താൻ മുന്നൊരുക്കങ്ങൾ നടത്തിയ ടൂർണമെന്റ് കമ്മിറ്റിക്കും, കളിയാസ്വാദകർക്കും, ഒപ്പം ഫൈനൽ മത്സരം കളർഫുൾ ആക്കാൻ ഐ.എം.വിജയൻ സാറിനെയും, സൽമാനെയും നാട്ടിലെത്തിച്ച വിമൽ ജേക്കബ് അരിമറ്റംവയലിനും ഹൃദയാഭിവാദ്യങ്ങൾ..!
ഇനി വട്ടുകുളാരവാവേശവുമായി അടുത്ത വർഷം കാണാം. വായിക്കാൻ മനസ് കാണിച്ചവർക്കും,വിമർശിച്ചവർക്കും,ഒന്നും മിണ്ടാതെ പോയവർക്കും നന്ദി.. നന്ദി.. നന്ദി..