*കോഴിക്കോട്*: കേരളത്തില്‍ ഇൻഫ്ലുവൻസ എ. വിഭാഗത്തില്‍പ്പെട്ട വൈറല്‍ ന്യുമോണിയ പടരുന്നു. മലബാർമേഖലയില്‍ അസുഖം വലിയതോതില്‍ വ്യാപിക്കുന്നുണ്ട്.
എച്ച്1 എൻ1, എച്ച്3 എൻ2 എന്നിവയാണ് പടരുന്നത്. പനിയും അനുബന്ധപ്രശ്നങ്ങളുമായെത്തുന്ന പ്രായമായവർ, മറ്റു അസുഖങ്ങളുള്ളവർ, ശ്വാസംമുട്ടലുമായെത്തുന്നവർ എന്നിവരില്‍ നടത്തുന്ന പരിശോധനാഫലം 90 ശതമാനവും പോസിറ്റീവാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ഇതുവേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്നും പലപ്പോഴും ടെസ്റ്റ് പോലും നടത്തുന്നില്ലെന്നും കോഴിക്കോട് ആസ്റ്റർ മിംസ് ക്രിട്ടിക്കല്‍ മെഡിസിൻ ഡയറക്ടർ ഡോ. എ.എസ്. അനൂപ് കുമാർ പറഞ്ഞു.
പ്രായമായവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും പെട്ടെന്ന് ടെസ്റ്റ് ചെയ്യുകയും ആന്റിവൈറല്‍ മരുന്നുകള്‍ കഴിക്കുകയും ചെയ്തില്ലെങ്കില്‍ ന്യുമോണിയയായി മാറുകയും ഗുരുതരാവസ്ഥയിലേക്ക് പോവുകയുംചെയ്യും. നാലാഴ്ചവരെ വെന്റിലേറ്ററില്‍ കിടക്കേണ്ടിവരുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് കുറവായിട്ടുപോലും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍പ്രകാരം ഈവർഷം ജനുവരിമുതല്‍ 2034 പേർക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. ഇതുവരെ 42 പേർ മരിച്ചു. ഈമാസം 13 വരെ 304 പേർക്കാണ് സ്ഥിരീകരിച്ചത്. 2009-നുശേഷം ഇപ്പോഴാണ് ഇത്രവലിയ വ്യാപനം കാണുന്നത്.
ശ്രദ്ധിക്കേണ്ടത്
അണുബാധയുണ്ടായി മൂന്നുമുതല്‍ അഞ്ചുദിവസംകൊണ്ടാണ് രോഗലക്ഷണം ഉണ്ടാവുന്നത്. ഏഴുദിവസത്തോളം രോഗവ്യാപനത്തിന് സാധ്യതയുണ്ട്. രോഗി സ്വയം ക്വാറൻ്റീനില്‍ പോകുന്നതാണ് നല്ലത്. പുറത്തുപോകുന്നുണ്ടങ്കില്‍ മാസ്സ് ധരിക്കണം. ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നിവയോടെ തുടങ്ങി ശക്തമായ പനിയും ചുമയുമായി പിന്നീട് ന്യുമോണിയയായി മാറുകയാണ് ചെയ്യുന്നത്.